ECG സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ സൈദ്ധാന്തിക ഫിസിക്സിൽ അറിയപ്പെടുന്ന ഭാരതീയ ശാസ്ത്രജ്ഞനാണ്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ പ്രഫസർ ആയിരുന്ന അദ്ദേഹം സൈദ്ധാന്തിക ഫിസിക്സിൽ ഒട്ടനവധി സംഭാവനകൾ സമ്മാനിച്ചിട്ടുണ്ട്.കൂടാതെ ഒമ്പത് തവണ നോബൽ നാമനിർദേശം കിട്ടിയ ഭാരതീയനാണ് അദ്ദേഹം.
കേരളത്തിലെ കോട്ടയം ജില്ലയിലെ പള്ളം എന്ന സ്ഥലത്താണ് ECG സുദർശൻ ജനിച്ചത്. കോട്ടയം CMS കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം 1951-ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിഎസ്‌സി (ഓണേഴ്സ്) ബിരുദം നേടി.1952 -55 കാലഘട്ടത്തിൽ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ റിസർച് അസിസ്റ്റന്റ് ആയി ചേർന്നു. 1958 ൽ ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയ അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസക്കാരാനായി. പിന്നീട് ഹാർവഡ് സർവകലാശാല, റോച്ചസ്റ്റർ സർവകലാശാല ,ടെക്സസ് സർവകലാശാല എന്നിവടങ്ങളിൽ പ്രഫസർ ആയി ജോലി ചെയ്തു. ടെക്സസ് സർവകലാശാലയിൽ പ്രൊഫസർ ആയി ജോലി ചെയ്യുമ്പോൾ സർവകലാശാലയിലെ പാർട്ടിക്കിൾ തിയറി സെന്റർ ഡയറക്ടർ ആയി നിയമിതനായി. 1973 മുതൽ 84 വരെ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടറായും,1984 മുതൽ 90 വരെ ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസ് ഡയറക്ടർ ആയും പ്രവർത്തിച്ചു.
1957-ൽ ECG സുദർശൻ മാർഷക്കുമായി ചേർന്ന് പ്രശസ്തമായ V-A സിദ്ധാന്തം ആവിഷ്കരിച്ചു. അശക്തബലത്തെ (weak force) വിശദീകരിക്കാൻ സഹായിച്ച സിദ്ധാന്തമായിരുന്നു ഇത്. പിന്നീട് ഷെൽഡൻ, ഗ്ലാഷോ, അബ്ദുസ്സലാം എന്നീ ശാസ്ത്രജ്ഞർ V-A സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ അശക്തബലത്തെയും വിദ്യുത്കാന്തികബലത്തെയും സംയോജിപ്പിച്ച് ‘ഇലക്‌ട്രോവീക്ക് സിദ്ധാന്തം’ വികസിപ്പിച്ചെടുക്കുകയും 1979 ലെ നൊബേൽസമ്മാനം നേടിയെടുക്കുകയും ചെയ്തു. ‘ഒന്നാംനില പണിതവരെ പരിഗണിക്കാതെ രണ്ടാംനില പണിതവർക്ക് നിർമാണ ചാതുരിക്കുള്ള സമ്മാനം കൊടുക്കുംപോലെ’ എന്നായിരുന്നു സുദർശന്റെ ഇതിനെക്കുറിച്ചുള്ള പരിഹാസം.
1962-ൽ പ്രകാശത്തേക്കാൾ വേഗതയുള്ള ടാക്കിയോൺ കണങ്ങളെക്കുറിച്ച് ആദ്യമായി പ്രവചിച്ച് ECG സുദർശൻ ശാസ്ത്രരംഗത്ത് കോളിളക്കം സൃഷ്ടിച്ചു. ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിലൂടെ ആൽബർട്ട് ഐൻസ്റ്റീന്റെ സിദ്ധാന്തം തിരുത്തി എഴുതിയ ECG സുദർശൻ ഒമ്പത് തവണ നോബൽ സമ്മാനത്തിനായി നമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഒപ്റ്റിക്കൽ കോഹെറെൻസ്, സുദർശൻ ഗ്ലൗബെർ റെപ്രെസെന്റഷൻ, ക്വാണ്ടം സിനോ എഫ്ഫക്റ്റ്, ഓപ്പൺ ക്വാണ്ടം സിസ്റ്റം, ലിന്ഡബ്ളാഡ് ഇക്വേഷൻ, സ്പിൻ സ്റ്റാറ്റിസ്റ്റിക്‌സ് തിയറം എന്നിവയാണ് ശാസ്തലോകത്തിനു അദ്ദേഹം നൽകിയ മറ്റു സംഭാവനകൾ.
1970 സി.വി. രാമൻ പുരസ്കാരം,1976 പത്മഭൂഷൺ(ഭാരത സർക്കാരിന്റെ മൂന്നാമത്തെ സിവിലിയൻ ബഹുമതി),1977 ബോസ് മെഡൽ,1985 TWAS പ്രൈസ്,1985 First Prize in Physics, 2006 മേജറന പ്രൈസ്,2007 പത്മവിഭൂഷൺ(ഭാരത സർക്കാരിന്റെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി), 2010 ICTPയുടെ ഡിറാക് മെഡൽ,2013 ശാസ്ത്രമേഖലയിലെ സമഗ്രസംഭവാനയ്ക്കുള്ള കേരള ശാസ്ത്ര പുരസ്കാരം എന്നിങ്ങനെ അനേകം ബഹുമതികൾ ECG സുദർശനെ തേടിയെത്തി.
2018 മേയ് 14-ന് 87-ആം വയസ്സിൽ അമേരിക്കയിൽ വച്ച് അദ്ദേഹം അന്തരിച്ചു
ഫോട്ടോ കടപ്പാട്: https://www.financialexpress.com/india-news/indian-american-theoretical-physicist-george-sudarshan-cremated-in-us/1172584/